കൊച്ചി: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് (ഞായറാഴ്ച) പുലർച്ചെ 5.40-നായിരുന്നു അന്ത്യം.
ഇന്ന് (14-01-2024-ഞായർ) രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബർസ്ഥാനിലായിരിക്കും കബറടക്കം.
കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വർഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചു.
യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. 1991-1995 കാലയളവിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു.
എറണാകുളം പെരുമ്പാവൂർ താലൂക്കിലെ വാഴക്കുളത്ത് ടി.കെ.എം. ഹൈദ്രോസിൻ്റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബർ ഏഴിനാണ് ജനനം. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ടി.എച്ച്. മുസ്തഫ യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1982, 1987, 1991, 2001 എന്നീ വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തിൽനിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു.
1978ൽ കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 1980ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആലുവയിൽനിന്ന് മത്സരിച്ചെങ്കിലും വിമത കോൺഗ്രസ് (എ) ഗ്രൂപ്പുകാരനായ അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ. മുഹമ്മദാലിയോട് പരാജയപ്പെട്ടു.
ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെ.പി.സി.സിയുടെ സംസ്ഥാന നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി. കാസർകോട്ടെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരത്തെ രാജ്ഭവൻ വരെയുള്ള 1572 കിലോമീറ്റർ കാൽനട ജാഥയായ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ചിൻ്റെ ക്യാപ്റ്റനായി പാർട്ടി നിയമിച്ചത് ടി.എച്ച്. മുസ്തഫയെ ആയിരുന്നു.
1957ൽ യൂത്ത് കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡൻറ് എന്ന നിലയിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1962ൽ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡൻറായും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
1964ൽ പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി. 1966ൽ എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറിയായി. 1968ൽ എറണാകുളം ഡി.സി.സി. പ്രസിഡൻറായി ചുമതലയേറ്റു. 14 വർഷം എറണാകുളം ഡി.സി.സി പ്രസിഡന്റായിരുന്നു.
1978ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. 1983-1997 കാലയളവിൽ കെ.പി.സി.സി വൈസ് പ്രസിഡൻറായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. മികച്ച പ്രാസംഗികനായും ഇദ്ദേഹം അറിയപ്പെട്ടു. മൃതദേഹം മാറമ്പള്ളിയിൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം ഞായറാഴ്ച വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
0 Comments