Ticker

6/recent/ticker-posts

പദ്‌മപുരസ്കാരങ്ങളിൽ മലയാളിത്തിളക്കം





ന്യൂഡൽഹി : 2024-ലെ പദ്‌മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നടിയും നർത്തകിയും പാർലമെന്റേറിയനും ആയിരുന്ന വൈജയന്തി മാല, നടൻ ചിരഞ്ജീവി, നർത്തകി പദ്‌മ സുബ്രഹ്മണ്യം, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അന്തരിച്ച സാമൂഹിക പ്രവർത്തകൻ ബിഹാറിലെ ബിന്ദേശ്വർ പഥക് എന്നിവർക്കാണ് പദ്‌മവിഭൂഷൺ.


ജസ്റ്റിസ് എം. ഫാത്തിമാ ബീവി (മരണാനന്തരം), മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ്, നടന്മാരായ മിഥുൻ ചക്രവർത്തി, വിജയകാന്ത് (മരണാനന്തരം), മഹാരാഷ്ട്രയിൽ നിന്നുള്ള എഴുത്തുകാരനും പത്ര പ്രവർത്തകനുമായ ഹോർമുസ്ജി എൻ കാമ, വ്യവസായി സീതാറാം ജിൻഡാൽ, തയ്‌വാൻ വ്യവസായി യോങ് ലിയു, അശ്വിൻ ബാലചന്ദ്ര മേത്ത, തേജസ് മധുസൂദൻ പട്ടേൽ, ചന്ദ്രശേഖർ പ്രസാദ് താക്കൂർ (വൈദ്യ ശാസ്ത്രം) സത്യബ്രത മുഖർജി, രാം നായിക് (പൊതു പ്രവർത്തനം), രാജ്ദത്ത്, പ്യാരേലാൽ ശർമ, (കല), തോംങ്ടാൻ റിംപോച്ചെ (ആത്മീയം), കുന്തൻ വ്യാസ് (എഴുത്ത്, പത്ര പ്രവർത്തനം) തുടങ്ങി 17 പേർക്ക് പദ്‌മഭൂഷണും ലഭിച്ചു.


ആറ് മലയാളികളുൾപ്പെടെ 110 പേർക്കാണ് പദ്മശ്രീ. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർകോട്ടെ നെൽ കർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം), ആധ്യാത്മിക ആചാര്യൻ മുനി നാരായണ പ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ്‌ തമ്പുരാട്ടി എന്നീ മലയാളികളാണ് പുരസ്കാരത്തിന് അർഹരായത്.


കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സദനം ബാലകൃഷ്ണൻ 1974-ൽ ഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിൽ ചേരും മുമ്പ് പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ കഥകളി യോഗം, ഗാന്ധി സേവാസദൻ കഥകളി അക്കാദമി പേരൂർ തുടങ്ങിയ സ്ഥാപനങ്ങളിൽ കലാകാരനും അധ്യാപകനും ആയിരുന്നു.


കണ്ണൂരിൽ നിന്നുള്ള തെയ്യം കലാകാരൻ ഇ പി നാരായണൻ ആറ് പതിറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെൽ നാമനിർദേശം ചെയ്ത പ്രകാരം 50-കാരനായ സത്യനാരായണ ബെലേരിക്ക് നേരത്തേ കേന്ദ്ര സർക്കാരിന്റെ സസ്യ ജനിതക സംരക്ഷക പുരസ്കാരം ലഭിച്ചിരുന്നു.

Post a Comment

0 Comments