തോട്ടുമുക്കം : ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങി ജനങ്ങളുടെ ജീവനെടുക്കുകയും അവരുടെ ജീവനോപാധികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടിനെതിരെ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. സാധാരണക്കാരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്, അവരുടെ വളർത്തുമൃഗങ്ങളും ജീവനോപാധികളുമാണ് നശിപ്പിക്കപ്പെടുന്നത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാരുകൾ തുടരുന്ന ക്രൂരമായ നിസംഗത മലയോര ജനതയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരിക്കുന്നു എന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കത്തോലിക്കാ കോൺഗ്രസ് തൊട്ടുമുക്കം മേഖലാ പ്രസിഡണ്ട് ശ്രീ. സാബു വടക്കേപ്പടവിൽ പറഞ്ഞു.
അക്രമകാരികളായ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ നിയമമുണ്ടെന്ന് ഇരിക്കെ അവയെ മയക്കു വെടിവെച്ച് പിടിച്ച് സുഖചികിത്സ നടത്തി റേഡിയോ കോളർ അണിയിച്ചു വനത്തിലേക്ക് തന്നെ വിടുകയും വീണ്ടും അവ ജനവാസ മേഖലകളിൽഇറങ്ങി ജനങ്ങളുടെ ജീവനെടുക്കുകയും ചെയ്യുന്നത് ബന്ധപ്പെട്ട വകുപ്പുകളുടെ അങ്ങേയറ്റത്തെ നിരുത്തരവാദത്തവും ജനങ്ങളോടുള്ള വെല്ലുവിളിയുമായി മാത്രമേ കാണാൻ കഴിയു. ഓരോ മാസവും ശരാശരി പത്തിലധികം ആളുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു അതിലും എത്രയോ ഇരട്ടിയാളുകൾ ഗുരുതരമായി പരിക്കേറ്റ് കുടുംബങ്ങൾ നിരാശ്രയരായി തീരുന്നു. ഇങ്ങനെയുള്ള കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. ഈ അനാസ്ഥ ഇനിയും തുടരാൻ സാധിക്കില്ല. പരിഹാരം ഉണ്ടായേ പറ്റൂ. യോഗംആവശ്യപ്പെട്ടു.
യോഗത്തിന് ശ്രീ രാജു ഇളംതുരുത്തിയിൽ സ്വാഗത ആശംസിച്ചു. ഇടവക വികാരി ഫാദർ ജോൺ മൂലയിൽ ഫാദർ ആൽബിൻ കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് സെക്രട്ടറി സെബാസ്റ്റ്യൻ പൂവത്തും കുടിയിൽ ട്രഷറർ ജിയോ വെട്ടുക്കാട്ടിൽ കുര്യാക്കോസ് ഔസേപ്പ് പറമ്പിൽ ജോർജ് കേവള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments