കൊടുവള്ളി: പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതിനെ തുടർന്ന് കനത്ത വേനലിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന കൊടിയത്തൂരിലെ പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരം. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൊടുവള്ളി വാട്ടർ അതോറിറ്റി ഓഫീസിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്.
കൊടിയത്തൂർ കോട്ടമുഴി പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതിനെ തുടർന്ന് ദിവസങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. മോട്ടോർ നന്നാക്കാൻ അധികൃതർ ഒരാഴ്ച സമയമാവശ്യപ്പെട്ടിരുന്നങ്കിലും ഒരാഴ്ചയായിട്ടും നടപടിയില്ലാത്ത
സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, അംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, കരീം പഴങ്കൽ, രതീഷ് കളക്കുടിക്കുന്ന് എന്നിവർ ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്. 3 മണിക്കൂർ നേരത്തെ സമരത്തിനൊടുവിൽ അസി.എൻജിനീയർ അനുപ,
ഓവർസിയർ ജോഷി എന്നിവരുമായി ചർച്ച നടത്തുകയും ബുധനാഴ്ച പുതിയ മോട്ടോർ താൽക്കാലികമായി സ്ഥാപിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകുകയുമായിരുന്നു. ഇതോടെയാണ് ജനപ്രതിനിധികൾ സമരമവസാനിപ്പിച്ചത്. ഉറപ്പ് നൽകിയ പ്രകാരം മോട്ടോർ സ്ഥാപിച്ചില്ലങ്കിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു, വൈസ് പ്രസി: ഫസൽ കൊടിയത്തൂർ എന്നിവർ അറിയിച്ചു
0 Comments