Ticker

6/recent/ticker-posts

താമരശ്ശേരി രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് തിങ്ക്ളാഴ്ച തുടക്കം

 

**



താമരശ്ശേരി രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി മെയ് 20 മുതൽ 22 വരെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തിൽ നടക്കും. *ഉണർന്ന് പ്രശോഭിക്കുക* എന്ന ആപ്തവാക്യം സ്വീകരിച്ചു കൊണ്ട് വിശ്വാസം, കുടുംബം, സമുദായം എന്നീ മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആലോചനകളും ചർച്ചകളും പ്രായോഗിക നിർദ്ദേശങ്ങളും രൂപപ്പെടുത്തുകയാണ് അസംബ്ലിയുടെ ലക്ഷ്യം. രൂപത റൂബി ജൂബിലിയുടെ പശ്ചാത്തലത്തിലാണ് അസംബ്ലി നടക്കുന്നത്. ഇടവക കുടുംബക്കൂട്ടായ്മകളിലും ഫെറോനകളിലും നടന്ന ചർച്ചകളിൽ ഉയർന്ന ശുപാർശകളും പൊതു കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയ വിഷയാവതരണ രേഖയെ അടിസ്ഥാനമാക്കിയാണ് അസംബ്ലിയിൽ ചർച്ചകൾ നടക്കുന്നത്.

കാർഷിക പ്രതിസന്ധികളും വന്യമൃഗശല്യവും തൊഴിലില്ലായ്മയുടെ ഫലമായ വർദ്ധിച്ച വിദേശ കുടിയേറ്റവും ദളിത് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളും ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയും വിശ്വാസ ജീവിതത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യങ്ങളും പൊതുമണ്ഡലത്തിൻ്റെ ധാർമ്മിക സാംസ്ക്കാരിക അപചയവും കൗൺസിൽ ചർച്ച ചെയ്യും.
വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രാഹം വയലിൽ പ്രസിഡൻ്റും രൂപത ചാൻസലർ റവ.ഫാ. സെബാസ്റ്റ്യൻ കവളക്കാട് ജനറൽ സെക്രട്ടറിയും റവ.ഫാ. തോമസ് ചിലമ്പിക്കുന്നേൽ ജനറൽ കൺവീനറുമായ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അസംബ്ലിക്കായി ഒരു വർഷത്തെ തയ്യാറെടുപ്പുകളാണ് നടന്നത്.

രൂപത അധ്യക്ഷൻ മാർ റെമീജിയോസ്  ഇഞ്ചനാനിയിലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ സമ്മേളനം തലശ്ശേരി അതിരൂപത മുൻ മെത്രാപ്പോലിത്ത മാർ ജോർജ് ഞെരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ തലശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ ജോസഫ് പാംബ്ലാനിയിൽ മുഖ്യപ്രഭാഷണവും മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധ്യക്ഷൻ ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും. പാസ്റ്ററൽ കൗൺസിൽ,വിവിധ ഡിപ്പാർട്ട്മെൻ്റുകൾ, സംഘടനകൾ, നാമനിർദ്ദേശം ചെയ്യപ്പെടുന്നവർ എന്നിവരായി വൈദീക സന്ന്യസ്ത അൽമായ പ്രതിനിധികളായ 120 പേർ അസംബ്ലി അംഗങ്ങളാണ്. റൂബി ജൂബിലിയിലും തുടർ വർഷങ്ങളിലും രൂപത ഏറ്റെടുക്കേണ്ടവയും ഊന്നൽ നൽകേണ്ടവയുമായ വിശ്വാസപരവും വിശ്വാസ സമൂഹത്തെ ബാധിക്കുന്നവയും പൊതുമണ്ഡലത്തേക്കൂടി ഉൾച്ചേർക്കുന്നവയുമായ വിവിധ വിഷയങ്ങളിൽ അസംബ്ലി രൂപത അധ്യക്ഷന് ശുപാർശകൾ സമർപ്പിക്കും.

Post a Comment

0 Comments