*
പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് ബഥാനിയ റിന്യൂവല്‍ സെന്ററില്‍ തുടക്കമായി. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അസംബ്ലി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വളര്‍ച്ചയ്ക്ക് അസംബ്ലി ഏറെ പ്രധാനപ്പെട്ടതാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.
''പുതുതലമുറയിലേക്ക് വിശ്വാസ ചൈതന്യം പകരാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തണം. കുടുംബങ്ങള്‍ പഠന കളരികളാണ്. വിശ്വാസവും പരസ്നേഹവും വ്യക്തിത്വവികാസവും സംഭവിക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇന്ന് കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണം എന്ന് അറിയാത്ത മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് പുതിയ തലമുറയിലേക്ക് അവ പകരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.'' മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് അധ്യക്ഷത വഹിച്ചു. വിശ്വാസം, കുടുംബം, സമുദായം എന്നീ വിഷയങ്ങളില്‍ രൂപതയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കണമെന്നും ചര്‍ച്ച ചെയ്യുന്ന വേദിയാണ് രൂപതാ അസംബ്ലിയെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. 'ആദിമ സഭയുടെ ചൈതന്യത്തിലേക്ക് വളരാനും പീഠത്തില്‍ തെളിച്ചുവച്ച ദീപമായി മാറുവാനും രൂപതയെ ഒരുക്കുകയാണ് അസംബ്ലിയുടെ ലക്ഷ്യം.' ബിഷപ് പറഞ്ഞു.
രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, ഫാ. ജോണ്‍ ഒറവുങ്കര, സിസ്റ്റര്‍ ടിന എസ്‌കെഡി, സ്വപ്ന ഗിരീഷ്, വിശാഖ് തോമസ്, ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. എപ്പാര്‍ക്കിയല്‍ അസംബ്ലി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അസംബ്ലിയുടെ നടപടിക്രമങ്ങള്‍ പങ്കുവച്ചു.
വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാലു സെഷനുകളായാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി മുഖ്യപ്രഭാഷണം നടത്തും. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും.
വിവിധ വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 120 അംഗങ്ങളാണ് എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നത്.
0 Comments