*
*_തിരുവമ്പാടി_* : മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷമായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നിർമാണപ്രവൃത്തി തുടങ്ങി. നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ കറ്റിയാടാണ് സബ് ഡിപ്പോയും ബസ്‌സ്റ്റേഷനും വരുന്നത്. 2.79 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ധാരണയെങ്കിലും ഒരുവർഷത്തിനകം പണിതീരുമെന്നാണ് പ്രതീക്ഷയെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.
ട്രാൻസ്പോർട്ട് ബസുകൾ മാത്രം സർവീസ് നടത്തുന്ന കക്കാടംപൊയിൽ, പൂവാറൻതോട്, മുത്തപ്പൻപുഴ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളാണ് മേഖലയിലുളളത്. മണിക്കൂറുകൾ ഇടവിട്ടാണ് പലയിടങ്ങളിലേക്കും ബസുളളത്. സ്വകാര്യബസ് സർവീസുകളില്ലാത്ത റൂട്ടുകളിൽ എത്തിപ്പെടാൻ മലയോരനിവാസികൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. കുടിയേറ്റമേഖലയായതിനാൽ മധ്യതിരുവിതാംകൂർ ഉൾപ്പെടെ തെക്കൻ ജില്ലകളിലേക്ക് മലയോരത്തുനിന്ന് നിത്യേന ഒട്ടേറെ യാത്രക്കാരാണുളളത്.
ആവശ്യത്തിന് ദീർഘദൂര ബസുകൾ ഇല്ലാത്തതുമൂലം പലവണ്ടികൾ മാറിക്കയറേണ്ട അവസ്ഥയാണ്. ഡിപ്പോ യാഥാർഥ്യമാകുന്ന തോടെ കൂടുതൽ ദീർഘദൂര, ഹ്രസ്വദൂര ബസുകൾ അനുവദിക്കുമെന്നത് വലിയ ആശ്വാസമാകും.
നടപടിതുടങ്ങി ഒന്നരപ്പതിറ്റാണ്ടായിട്ടും കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ അനിശ്ചിതത്വത്തിലായിരുന്നു. 2010-ൽ ആണ് ഇതിനായുളള പ്രവർത്തനം തുടങ്ങിയത്. 2016-17-ൽ അന്നത്തെ എം.എൽ.എ. ജോർജ്. എം. തോമസ് ആസ്തിവികസന ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങാനായില്ല.
സ്ഥലത്തിന്റെ തരംമാറ്റം, കൈമാറ്റം, കരാർ കമ്പനി പിൻവാങ്ങൽ എന്നിങ്ങനെ പ്രശ്നങ്ങൾ നീണ്ടു. സി. മോയിൻകുട്ടി എം.എൽ.എ. ആയിരുന്നപ്പോൾ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് ചതുപ്പുനിലം മണ്ണിട്ടുനികത്തുകയും സംരക്ഷണഭിത്തി നിർമിക്കുകയുംചെയ്തു. 2018 സെപ്റ്റംബർ 21-ന് അന്നത്ത ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ശിലാസ്ഥാപനം നിർവഹിച്ചു.
തിരുവമ്പാടി ബസ്‌സ്റ്റാൻഡിനോടുചേർന്ന് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ബസ്‌സ്റ്റാൻഡ് കെട്ടിടത്തിൽ ഓഫീസുകളുമുണ്ട്. പ്രളയത്തിൽ മുങ്ങുന്നയിടത്താണ് 13 വർഷമായി താത്കാലിക ഗാരേജ് പ്രവർത്തിക്കുന്നത്. സബ് ഡിപ്പോയ്ക്കാവശ്യമായ 1.75 ഏക്കർ സ്ഥലം മുൻ പഞ്ചായത്ത് ഭരണസമിതി 45 ലക്ഷം രൂപ വിലകൊടുത്താണ് വാങ്ങിയത്.
0 Comments