കുടിയേറ്റ മണ്ണിന്റെ മനസ്സറിഞ്ഞവർ പടിയിറങ്ങുന്നു.
ആദ്യകാല കുടിയേറ്റ ജനതയുടെ സന്ദേശവാഹകർ പടിയിറങ്ങുന്നു
നാലു പതിറ്റാണ്ടിലേറെക്കാലം മലയോര ജനതയുടെ സുഖദുഃഖങ്ങൾ കൈമാറിയ കരങ്ങൾ ഇനി വിശ്രമ ജീവിതത്തിലേക്ക്
പോസ്റ്റ് മാസ്റ്റർ കെ വി മാനുവൽ (ജിൽസ്)
പോസ്റ്റുമാൻ നാവുട്ടി (സോമൻ)എന്നിവർ തങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട തപാൽ ജീവിതത്തിൽ നിന്നും വിരമിക്കുന്നു
പനമ്പിലാവ് പോസ്റ്റ് ഓഫീസിൽ നിന്നും പോസ്റ്റ് മാസ്റ്റർ കെ വി മാനുവൽ (ജിൽസ്),2024 മെയ് 18നും, പോസ്റ്റുമാൻ നാവുട്ടി (സോമൻ)2024 മെയ് 31നും വിരമിച്ചു
1989 ജൂലൈ പനമ്പിലാവ് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് മുതൽ അവിടുത്തെ പോസ്റ്റ് മാസ്റ്ററാണ് കെ വി മാനുവൽ, സോമൻ (നാവുട്ടി)1980ൽ തോട്ടുമുക്കം പോസ്റ്റ് ഓഫീസിൽ ബ്രാഞ്ച് പോസ്റ്റുമാൻ ആയി ജോലിയിൽ പ്രവേശിക്കുകയും പനമ്പിലാവ് പോസ്റ്റ് ഓഫീസ് സ്ഥാപിതമായപ്പോൾ അവിടേക്ക് പോസ്റ്റുമാനായി വരികയും ചെയ്തു. രണ്ടുപേരും നാട്ടുകാർക്കേറെ പ്രിയപ്പെട്ടവരായിരുന്നു.
പോസ്റ്റുമാൻ സോമൻ നാടിനു നൽകിയ സേവനം എടുത്തു പറയേണ്ടതാണ്.
കുന്നുകളും മലകളും നിറഞ്ഞ പനമ്പിലാവിന്റെ നാട്ടുവഴികളിലൂടെ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കാൽനടയായിട്ടാണ് അദ്ദേഹം തപാൽ വിതരണം ചെയ്തത്.
ഇൻറർനെറ്റ് മൊബൈലും ലാൻഡ്ഫോണും വരുന്നതിനുമുമ്പ് ആശയ കൈമാറ്റത്തിന് പോസ്റ്റ് ഓഫീസുകളെയാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്.
കുടിയേറ്റ മേഖലയായ പനമ്പിലാവ് നിവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവർ ദൂര ദിക്കുകളിൽ നിന്ന് അയച്ച കത്തുകളും മണിയോഡറുകളും കമ്പി തപാലുകളും വീടുകളിൽ കൃത്യസമയത്ത് എത്തിച്ചുകൊടുത്തുകൊണ്ട് ജനങ്ങളുടെ പ്രിയപ്പെട്ട പോസ്റ്റുമാൻ ആയി മാറി സോമേട്ടൻ.
ക്ഷേമ പെൻഷനുകൾ പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്ത കാലത്ത് കുന്നുകളും മലകളും താണ്ടി തങ്ങളെ തേടി വരുന്ന സോമേട്ടനെ കാത്തിരിക്കുന്ന ഒരു ജനത ഉണ്ടായിരുന്നു ആ കാലത്ത്.
അക്കാലത്ത് നല്ല റോഡുകളോ നല്ല നാട്ടുവഴികളോ പുഴകൾക്കും തോടുകൾക്കും കുറുക പാലങ്ങളും ഉണ്ടായിരുന്നില്ല.
മഴക്കാലങ്ങളിൽ തപാൽ വിതരണം ദുരിതപൂർണമായിരുന്നു.
ഇന്നു കാലം മാറി ഇൻറർനെറ്റ് യുഗം ആയെങ്കിലും സോമേട്ടന് ജോലിഭാരം കുറവില്ലായിരുന്നു.
എടിഎം കാർഡുകളും, ബാങ്ക് ചെക്ക് ബുക്കുകളും, പാൻ കാർഡുകളും, വോട്ടർ ഐഡി കാർഡും, വിവിധ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളും, ആധാർ കാർഡുകളും, ഗവൺമെൻറ് സ്വകാര്യ സ്ഥാപനങ്ങളുടെ അറിയിപ്പുകളും വിവിധങ്ങളായ പാർസലകളുമായി സോമേട്ടൻ ഇന്നുവരെ നമ്മുടെ ഇടയിൽ സജീവമായിരുന്നു
0 Comments