*
മലപ്പുറം : വയനാട്ടിലെ ഉരുൾപൊട്ടലിൽപ്പെട്ട് നിലമ്പൂർ പോത്തുക്കല്ല് ഭാഗത്തും മറ്റുമായി ചാലിയാർ പുഴയിൽ നിന്ന് ഇതുവരെ ലഭിച്ചത് 53 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതു കൂടാതെയാണ് 75 ശരീരഭാഗങ്ങളും ലഭിച്ചത്.
വാഴക്കാടിനടുത്ത് മണന്തല കടവിൽ പത്തു വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ചാലിയാര്‍ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുകിയെത്തിയ നിലയിലുള്ള മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ വാഴക്കാട് പോലീസിൽ നാട്ടുകാര്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.
ചൊവ്വാഴ്ച 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ബുധനാഴ്ച മാത്രം 21 മൃതദേഹങ്ങളും 59 ശരീര ഭാഗങ്ങളും ലഭിച്ചു. ചൊവ്വാഴ്ച ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടേയും പോസ്റ്റുമോർട്ടം പൂർത്തിയായി. ബാക്കിയുള്ള മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ബുധനാഴ്ച രാത്രിയോടെ പൂർത്തിയാകും.
തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ഇതിനകം ബന്ധുക്കളെത്തി കൊണ്ടുപോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് എത്തിക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. 28 മൃതദേഹങ്ങളും 28 ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽനിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മേപ്പാടി സി.എച്ച്. സിയിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി തുടങ്ങിയത്.
ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടൻ വയനാട്ടിലെത്തിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫ്രീസറിൽ ആക്കിയാണ് കൊണ്ടുപോകുന്നത്. ഇതിന് ആവശ്യമുള്ള ആംബുലൻസുകൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ഓരോ അംബുലൻസിലും രണ്ടിൽ കുറയാത്ത സന്നദ്ധ വളണ്ടിയർമാരുമുണ്ട്. പോലീസ് എസ്കോർട്ട് വാഹനവും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്.
0 Comments