*കോഴിക്കോട്*: മുഴുവൻ ഭിന്നശേഷിക്കാർക്കും അടിസ്ഥാന രേഖകൾ ഉറപ്പാക്കുന്ന ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കാൻ സെപ്തംബറോടെ വിവര രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം. ഇതിനായി മെഡിക്കൽ കോളേജ് സെന്റ് ജോസഫ്സ് ദേവഗിരി കോളേജിൽ മെഗാ ഡാറ്റ എൻട്രി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാർക്കും തൻമുദ്ര രജിസ്‌ട്രേഷനും യു.ഡി.ഐ.ഡി കാർഡും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഭിന്നശേഷിക്കാരിൽ നിന്ന് ശേഖരിക്കുന്ന അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി യു.ഡി.ഐഡി കാർഡ്, തൻമുദ്ര രജിസ്‌ട്രേഷൻ നടത്തും. ശേഖരിച്ച മുഴുവൻ വിവരങ്ങളും ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾ, എൻ.എസ്.എസ്, ക്യാംപസസ് ഓഫ് കോഴിക്കോട് വോളണ്ടിയർമാർ, ജില്ലാ കളക്ടറുടെ ഇന്റേർണുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡാറ്റാ എൻട്രി നടത്തുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ കോളേജുകളിലായി നടന്ന ക്യാമ്പുകളിലൂടെ 20,000ത്തിലേറെ പേരുടെ വിവരങ്ങൾ തൻമുദ്ര വെബ്‌സൈറ്റിലും ഒമ്പതിനായിരത്തോളം പേരുടെ വിവരങ്ങൾ യു.ഡി.ഐ.ഡി പോർട്ടലിലും രജിസ്റ്റർ ചെയ്തു. ഭിന്നശേഷിക്കാർക്ക് ഏത് ആനുകൂല്യം ലഭിക്കണമെങ്കിലും യു.ഡി.ഐ.ഡി കാർഡ് ഉണ്ടായിക്കുകയെന്നത് പ്രധാനമാണ്. രണ്ടാഴ്ചയ്ക്കകം രജിസ്‌ട്രേഷൻ പൂർത്തിയാക്കും. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് അടുത്ത മാസത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുമെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.
ഇന്നലെ നടന്ന മെഗാ ക്യാമ്പിൽ സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ്, വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിംഗ് കോളേജ്, നടക്കാവ് ഹോളി ക്രോസ് കോളേജ് എന്നിവിടങ്ങളിലെ 500ലേറെ സ്റ്റുഡന്റ് വോളണ്ടിയർമാരും എൻ.എസ്.എസ് പ്രവർത്തകരും പങ്കെടുത്തു. കേരള സാമൂഹ്യ സുരക്ഷ മിഷൻ ഉദ്യോഗസ്ഥർ, ജില്ലാ കളക്ടറുടെ ഇന്റേണുകൾ, കോളേജ് മാസ്റ്റർ വോളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
```
0 Comments