യാത്രയയപ്പ് നൽകി ഗ്രാമസഭ
കൊടിയത്തൂർ: കൊടിയത്തൂർ പോസ്റ്റ് ഓഫീസിൽ 42 വർഷം സേവനം ചെയ്ത നാടിൻ്റെ സ്വന്തം പോസ്റ്റ്മാൻ ദാസൻ കൊടിയത്തൂർ സർവീസിൽ നിന്ന് വിരമിക്കുന്നു. ഒരു തുണി സഞ്ചിയും കുടയുമായി അതിരാവിലെ ഇറങ്ങുന്ന ദാസൻ പ്രായഭേദമന്യെ നാട്ടുകാർക്കെല്ലാം ദാസേട്ടനാണ്. കൊടിയത്തൂർ പോസ്റ്റ് ഓഫീസ് പരിധിയിൽ വരുന്ന കാരക്കുറ്റി, കൊടിയത്തൂർ, വെസ്റ്റ് കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, കാരാട്ട് തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലേയും ഓരോ വ്യക്തികളെ കുറിച്ചും വ്യക്തമായ ധാരണയുള്ള ദാസനെപ്പോലെ മറ്റൊരാൾ ഇന്ന് നാട്ടിലില്ല എന്നതാണ് സത്യം. കഴിഞ്ഞ 42 വർഷത്തെ സേവനത്തിനിടെ നാട്ടിലെ ഓരോ ഊടുവഴിയും ദാസന് പരിചയമാണ്.
ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ദാസൻ കൊടിയത്തൂരിന് പതിനാറാം വാർഡ് വികസന സമിതി ഗ്രാമസഭ യോഗത്തിൽ യാത്രയയപ്പ് നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി. പി പി ഉണ്ണിക്കമ്മു അധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ റിനിൽ, കൃഷി അസിസ്റ്റന്റ് ബീന എ പി, സി. പി അബ്ബാസ്, അബ്ദുറഹിമാൻ കണിയാത്ത്, അനസ് താളത്തിൽ, റഹീസ് ചേപ്പാലി, അനസ് കാരാട്ട് തുടങ്ങിയവർ സംബന്ധിധിച്ചു
0 Comments