Ticker

6/recent/ticker-posts

മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു*

 *മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു*



*പാലം വരുന്നത് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ.*


_മുക്കം:സംസ്ഥാന പാതയിൽ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കം പാലത്തിന് സമീപത്തായി പുതിയ പാലം നിർമിക്കുന്നതിന് 7.25 കോടി രൂപയുടെ ഭരണാനുമതിയായി. ഈ പാലം നിലനിർത്തിയായിരിക്കും പുതിയ പാലം പ്രവൃത്തി._


_കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബലക്ഷയം നേരിടുന്നതുമായ മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു. 1960 കാലഘട്ടത്തിൽ ഏറനാട് കോഴിക്കോട് താലൂക്കുകളെ ബന്ധിപ്പിച്ചായിരുന്നു പാലം നിർമിച്ചത്. തെക്കൻ ജില്ലകളിൽ നിന്നു മലയോര മേഖലയിലേക്കുള്ള കുടിയേറ്റം ശക്തമായ കാലത്ത് കുടിയേറ്റക്കാർക്ക് ഏറെ ആശ്രയമായിരുന്നു പാലം. അക്കാലത്ത് അഗസ്ത്യൻ മൂഴിയിലെത്തി തോണിയിലായിരുന്നു ചരക്കുകൾ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നത്._


_ചങ്ങാടവും ആശ്രയമായിരുന്നു. അക്കാലത്തെ ബ്ലോക്ക് വികസന കൗൺസിൽ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജി മുൻ കൈ എടുത്തായിരുന്നു പാലം യാഥാർഥ്യമാക്കിയത്. വയനാട് ജില്ലയിലെയും മലയോര മേഖലയിലെയും ജനങ്ങൾക്കു കോഴിക്കോട് വിമാനത്താവളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും എളുപ്പം എത്തിപ്പെടാനുള്ള മാർഗമാണ് മുക്കം നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള പാലം._


_കോഴിക്കോട് –മലപ്പുറം ജില്ലകളെയും ബന്ധിപ്പിക്കുന്ന പാലം കാലപ്പഴക്കം മൂലവും ഒട്ടേറെ പ്രളയങ്ങളെയും അതിജീവിച്ച് ജീർണാവസ്ഥയിലാണ്. പാലത്തിനു ബലക്ഷയവും സംഭവിച്ചു തുടങ്ങി. കോടികൾ ചെലവഴിച്ച് സംസ്ഥാന പാത നവീകരണം പൂർത്തിയാക്കിയപ്പോഴും പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനോ പുതിയ പാലം നിർമിക്കാനോ തുക അനുവദിച്ചിരുന്നില്ല.  സംസ്ഥാന പാത നവീകരണത്തോടെ പാലത്തിലേക്കുള്ള റോഡിന്റെ വീതി വർധിച്ചു. പക്ഷേ പാലത്തിനു വീതി പോരാത്ത അവസ്ഥയിൽ ഗതാഗത പ്രശ്നവും സൃഷ്ടിക്കുന്നു._


_മുക്കം –അരീക്കോട് റോഡിൽ ഇരുവഞ്ഞിപ്പുഴയിൽ പുതിയ പാലം നിർമിക്കുന്നതിന് 7.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. സംസ്ഥാന പാത നവീകരണവും മുക്കം സൗന്ദര്യവൽക്കരണ പദ്ധതിയും കഴിഞ്ഞതോടെ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡിന്റെ വീതി 15 മീറ്ററിലേറെ വർധിച്ചു. നിലവിലുള്ള പാലത്തിന്റെ വീതി 6,7 മീറ്റർ മാത്രം. കാൽനട യാത്രക്കാർക്ക് നടക്കാനുള്ള നടപ്പാതയും പാലത്തിൽ നിലവിലില്ല. 2023– 24 ബജറ്റിൽ 8 കോടി രൂപ വകയിരുത്തിയിരുന്നു._


_ഇൻവെസ്റ്റിഗേഷൻ, ഡിസൈനിങ്, ഡിപിആർ എന്നിവ പൂർത്തിയാക്കിയ പദ്ധതിക്കാണ് ഇപ്പോൾ 7.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. നിലവിലുള്ള പാലം പൊളിക്കാതെ പുതിയ പാലം നിർമിക്കാനാണ് പദ്ധതി. ഗതാഗത പ്രശ്നം ഇല്ലാതാക്കാൻ ഇത് സഹായിക്കും. പുതിയ പാലത്തിനു 3 സ്പാനുകളിലായി 78 മീറ്റർ വീതിയുണ്ടാവും. 7.5 മീറ്റർ കാര്യേജ് വേയും 1.5 മീറ്റർ നടപ്പാതയും ഉണ്ടാകും. പുതിയ പാലം നിർമാണത്തിനു സ്ഥലമെടുപ്പും ആവശ്യമായി വരില്ല. സംസ്ഥാന പാതയുടെയും മുക്കം ടൗണിന്റെയും മാറിയ മുഖത്തിന് അനുസരിച്ചുള്ള പാലമായിരിക്കും പുതിയത്. ഒരു മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കി അടുത്ത വർഷത്തോടെ പ്രവൃത്തി ആരംഭിക്കുമെന്നും എംഎൽഎ ലിൻ്റോ ജോസഫ് പറഞ്ഞു._

Post a Comment

0 Comments