*
*_കൊച്ചി_*: _മഞ്ചേരി മെഡിക്കൽ കോളജിലെ രാത്രികാല പോസ്റ്റ്മോർട്ടം ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞു. മതിയായ അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജന്മാരായ ഡോ.ടി.പി ആനന്ദ്, ഡോ.രഹനാസ് അബ്ദുല് അസീസ് എന്നിവർ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ ഇടക്കാല ഉത്തരവ്._
_വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കുന്നതുവരെ ഡോക്ടർമാരെ പോസ്റ്റ്മോർട്ടത്തിന് നിർബന്ധിക്കരുതെന്നും ഉത്തരവില് പറയുന്നു. ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഫെബ്രുവരി മൂന്നിന് പരിഗണിക്കാൻ മാറ്റി._
_മഞ്ചേരി മെഡിക്കല് കോളജിൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം സൗകര്യമൊരുക്കാൻ ഏകപക്ഷീയമായാണ് ഫൊറന്സിക് മെഡിസിൻ വിഭാഗം മേധാവി തീരുമാനമെടുത്തതെന്ന് ഹരജിയിൽ പറയുന്നു. മതിയായ ജീവനക്കാരോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ ഇത്തരമൊരു തീരുമാനമെടുത്തതിലൂടെ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ കൂടുതൽ ശാരീരിക, മാനസിക സമ്മർദത്തിലാവുകയും ബുദ്ധിമുട്ടിലാവുകയും ചെയ്യും. പരാതി പരിശോധിക്കാൻ ആരോഗ്യ വകുപ്പ് നിയോഗിച്ചത് ഫൊറന്സിക് മേധാവിയുടെ അടുപ്പക്കാരെയാണ്. രാഷ്ട്രീയക്കാരേയും മറ്റും സ്വാധീനിച്ച് തങ്ങളെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് ഡോക്ടർമാർ ഹരജിയിൽ ആരോപണമുന്നയിച്ചിരിക്കുന്നത്._
_എല്ലാ മെഡി. കോളജുകളിലേക്കും വ്യാപിപ്പിക്കാനിരിക്കെ തിരിച്ചടിയായി കോടതി വിധി_
_മഞ്ചേരി: ആരോഗ്യ വകുപ്പിന് തിരിച്ചടിയായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രികാല പോസ്റ്റ്മോർട്ടം തടഞ്ഞുകൊണ്ടുള്ള കോടതി വിധി. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടു പോകുന്നതിനിടയിലാണ് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയുള്ള തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്._
_അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ജീവനക്കാരെ നിയമിക്കാതെയും രാത്രിപോസ്റ്റ്മോർട്ടം നടത്തരുതെന്നും നിലവിലെ രീതി മെഡികോ ലീഗല്‍ കോഡിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിയിരുന്നു ഡോക്ടർമാർ ഹരജി സമർപ്പിച്ചത്._
_സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ചത് കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് മഞ്ചേരിയിലാണ്. ഇതിൻ്റെ ചുവടു പിടിച്ച് എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങാൻ ഡിസംബർ 27നാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് (ഡി.എം.ഇ) നിർദേശം നല്‍കിയത്._
_കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കല്‍ കോളജുകളിലെ പ്രിൻസിപ്പല്‍മാർക്ക് ഡി.എം.ഇ ഇത് സംബന്ധിച്ച കർശന നിർദേശം കൈമാറിയിരുന്നു. രാത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ മെഡിക്കല്‍ കോളജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും ഒരുക്കണമെന്നും അടിയന്തരമായി നിർദേശം നടപ്പിലാക്കണമെന്നും ഡി.എം.ഇ ആവശ്യപ്പെട്ടിരുന്നു. മഞ്ചേരിയില്‍ രാത്രികാല പോസ്റ്റ്മോർട്ടം തടഞ്ഞതോടെ എല്ലാ മെഡിക്കല്‍ കോളജിലും ഇത് ആരംഭിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തിനും തിരിച്ചടിയാകും. ജീവനക്കാരുടെയും ഭൗതികസൗകര്യങ്ങളുടെയും കുറവുകാരണം സംസ്ഥാനത്തെ മഞ്ചേരി ഒഴികെയുള്ള മെഡിക്കല്‍ കോളജുകളില്‍ രാവിലെ ഒൻപതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോസ്റ്റ്മോർട്ടം._
0 Comments