കൊടിയത്തൂരിൻ്റെ സാംസ്കാരികോത്സവം; ചെറുവാടി ഫെസ്റ്റ് 2025- കാർണിവലിന് പെരുന്നാൾ ദിനത്തിൽ തുടക്കം
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിക്കുന്ന
കൊടിയത്തൂരിൻ്റെ കലാ-സാംസ്കാരിക-വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവലിന് പെരുന്നാൾ ദിനത്തിൽ തുടക്കമാവും. ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ 21 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ദിവസവും വൈകുന്നേരം 5 മണി മുതൽ മരണക്കിണർ, ആകാശത്തോണി, ആകാശ ഊഞ്ഞാൽ, കുട്ടികൾക്കുള്ള
വിവിധ അമ്യൂസ്മെൻ്റുകൾ, കുടുംബശ്രീ ഉൾപ്പെടെയുള്ളരുടെ സ്റ്റാളുകൾ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ നടക്കും.നിലവിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന് വരുന്ന വ്യാപാര മേള യോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്. ഫെസ്റ്റ് നടക്കുന്നതോടെ ചെറുവാടിയിലെ വ്യാപാര മേഖലക്ക് പുത്തനുണർവ് ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫെസ്റ്റിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടക്കും.
ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നായകന്മാർ, കുടും ബശ്രീ പ്രവർത്തകർ വിദ്യാർഥിക ൾ,സന്നദ്ധ സംഘടനകൾ, നാട്ടു കാർ എന്നിവർ ഘോഷയാത്രയിൽ അണിനിരക്കും. ലഹരി വിരുദ്ധ ബോധവൽക്കരണവും ഇതോടനുബന്ധിച്ച് നടക്കും.
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു, കൺവീനർ ഇ.എൻ യൂസഫ്, വൈസ് ചെയർമാൻ ഫസൽ കൊടിയത്തൂർ, പി.സി മുഹമ്മദ്, പി.ബഷീർ എന്നിവർ പങ്കെടുത്തു
0 Comments