Ticker

6/recent/ticker-posts

മലയോര കുടിയേറ്റ ഗ്രാമത്തിന്റെ നിറസാന്നിധ്യം, സണ്ണി മാഷ്

  





ലേഖകൻ :സന്തോഷ് സെബാസ്റ്റ്യൻ

തോട്ടുമുക്കം എന്ന മലയോര കുടിയേറ്റ ഗ്രാമത്തിലെ നിറസാന്നിധ്യമായിരുന്നു സണ്ണി മാഷ്


രാഷ്ട്രീയ സാമൂഹിക രംഗത്ത് നാടിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങൾക്ക് ഇടതടവില്ലാതെ പരിശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.


പൂർണ്ണമായും ഇടതുപക്ഷ രാഷ്ട്രീയക്കാരൻ ആയിരുന്ന മാഷ് എല്ലാവരോടും കക്ഷി രാഷ്ട്രീയത്തിന് അതീതമായി നല്ല സൗഹൃദവും അടുപ്പവും പ്രായഭേദമന്യേ കാത്തുസൂക്ഷിച്ചിരുന്നു.


ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും നിലനിർത്തുന്നതിലും മാഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


ഈ ബന്ധങ്ങൾ കൊടിയത്തൂർ പഞ്ചായത്ത് അംഗമായി പലതവണ തിരഞ്ഞെടുക്കപ്പെടുവാൻ കാരണമായിട്ടുണ്ട്.


വിവിധ പ്രശ്നങ്ങളുടെ ഒരു പരിഹാരമാർഗം കൂടിയായിരുന്നു അദ്ദേഹം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.


സണ്ണി മാഷ് ജോസുകുട്ടി മാഷും ചില സുഹൃത്തുക്കളും കൂടി തോട്ടുമുക്കത്ത് കോളേജ് നടത്തുന്ന കാലഘട്ടം, രജനി ആർട്സ് എന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങളും, ഈ സമയത്താണ് വയലാറിന്റെ പശയുള്ള വരമ്പ് എന്ന കവിത സണ്ണി മാഷ് നാടകമായി എഴുതുന്നത്. പല സ്റ്റേജുകളിലും സ്കൂൾ കലോത്സവങ്ങളിലും നാടകം അവതരിപ്പിച്ചു.


ഈ സമയത്താണ് സണ്ണി മാഷിന്റെ കോളേജിൽ ഞാൻ പഠിക്കുന്നത് അങ്ങനെ എനിക്കും എന്റെ ചില സുഹൃത്തുക്കൾക്കും ഈ നാടകത്തിൽ അഭിനയിക്കാൻ അവസരം കിട്ടി.

ഈ സമയത്താണ് ഗുരുശിഷ്യ ബന്ധത്തോടൊപ്പം നല്ലൊരു സുഹൃദ്ബന്ധവും സണ്ണി മാഷുമായി എനിക്കുണ്ടാകുന്നത്.


നാടക കലയെ ഏറെ സ്നേഹിച്ചിരുന്ന സണ്ണി മാഷ് നല്ലൊരു അഭിനേതാവായിരുന്നു.

ഒരു നാടകത്തിലെ തന്നെ വ്യത്യസ്ത വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

ജോയ് ചേട്ടന്റെയും സണ്ണി മാഷിന്റെയും നേതൃത്വത്തിൽ സാൻന്തോം സാംസ്കാരിക വേദി തോട്ടുമുക്കം പള്ളിപ്പെരുന്നാളിന് നാട്ടിലുള്ള കലാകാരന്മാരെ കൂട്ടിയിണക്കി തുടർച്ചയായി അഞ്ചുവർഷം നാടകങ്ങൾ ചെയ്യുകയുണ്ടായി.


പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് റിഹേഴ്സലും. ഒരു മാസക്കാലം എല്ലാ ദിവസവും  വൈകുന്നേരം ആരംഭിച്ച്, രാത്രി വൈകിത്തീരുന്ന ക്യാമ്പ്.


ആകസ്മികമായി ഉണ്ടായ ഒരു അപകടത്തെ തുടർന്ന് മാസങ്ങളോളം ആശുപത്രികളിൽ കിടക്കേണ്ട അവസ്ഥ, കാലു മുറിച്ചു മാറ്റണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അത് വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു.


നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ആ പ്രതിസന്ധിയെ തരണം ചെയ്തു തന്റെ നീളം കുറഞ്ഞു പോയ കാലും ശാരീരികമായ അവശതകളും മറന്ന് എല്ലാ ദിവസവും റിഹേഴ്സൽ ക്യാമ്പിൽ വരുമായിരുന്നു.

നാടകത്തിൽ തന്റെ വേഷം ഏറ്റവും മനോഹരമാക്കുന്നതിൽ അദ്ദേഹം വിജയിച്ചു.


തന്റെ ശരീരത്തിൽ നിന്നും ബ്ലഡ് നഷ്ടപ്പെടുന്ന അസുഖം, കാലിന്റെ പ്രശ്നം, ഈ അവശതകൾ ഒക്കെ തരണം ചെയ്തു പൊതുരംഗത്തും നാടക രംഗത്തും


സജീവമായി പ്രവർത്തിച്ചിരുന്ന സണ്ണി മാഷ്.

അദ്ദേഹത്തിൻറെ മരണത്തിന്റെ രണ്ട് ദിവസം മുമ്പ് പള്ളിത്താഴ അങ്ങാടിയിൽ വച്ച് ഞാൻ കാണുകയുണ്ടായി ആശുപത്രിയിലേക്ക് പോകുവാൻ വാഹനത്തിലിരിക്കുന്ന മാഷിനെയാണ് ഞാൻ കണ്ടത് അന്ന് കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു.


എന്നത്തേക്കാളും ഏറെ ക്ഷീണിതൻ ആയിട്ടാണ് അന്ന് അദ്ദേഹത്തെ കാണുവാൻ സാധിച്ചത്.

എന്നാലും ഈ ക്ഷീണം എല്ലാം  മാറി തിരിച്ചു വരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.

പക്ഷേ മരണം വന്ന് അദ്ദേഹത്തെ കൊണ്ടുപോയി എന്ന വാർത്ത എനിക്ക് പെട്ടെന്ന് വിശ്വസിക്കാനായില്ല.


ഇടതുപക്ഷ പ്രസ്ഥാനത്തിനും നാടിനും സണ്ണി മാഷിന്റെ വിയോഗം തീരാനഷ്ടമാണ് ഉണ്ടാക്കിയത് വ്യക്തിപരമായി എനിക്ക് ഒരു നല്ല ഗുരുവിനെയും സുഹൃത്തിനെയും.

ലേഖകൻ : സന്തോഷ് സെബാസ്റ്റ്യൻ


ലേഖകൻ ; കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, കലാകാരൻ, സണ്ണി മാഷിന്റെ വിദ്യാർത്ഥിയും സുഹൃത്തും എന്നീ നിലകളിൽ പൊതുസമൂഹത്തിൽ സുപരിചിതനാണ്.

Post a Comment

0 Comments