✍️ലേഖകൻ :അബൂബക്കർ വട്ടിക്കുന്നത്ത്
1990-91 കാലഘട്ടം സെന്റ് ജോസഫ് കോളേജിൽ വിദ്യാർത്ഥി ആയി ചേർന്നപ്പോഴാണ് സണ്ണിമാഷിനെ ആദ്യമായി അറിയുന്നത് ഒരു വർഷത്തെ പഠനം പൂർത്തിയാക്കി അവിടെ നിന്നിറങ്ങുമ്പോൾ, ഒരിക്കലും ഓർത്തിരുന്നില്ല ഇങ്ങനെ ഒരടുപ്പവും ബന്ധവും ഉണ്ടാവുമെന്ന്.
പിന്നീട് മൂന്ന് നാല് വർഷങ്ങൾക്കു ശേഷം കൂലി പണിയുമായി ആണ് വീണ്ടും മാഷിന്റെ വീട്ടിലെത്തുന്നത്.
അന്ന് തുടങ്ങിയതാണ് സണ്ണിമാഷിനെ അടുത്തറിയാൻ ഒരു കൂലി പണിക്കാരനായി ചെന്ന ഞാൻ ആ വീട്ടിലെ ഒരങ്ങത്തെ പോലെ ആയി.
കുഞ്ഞമ്മയെന്ന് നാട്ടുകാരും മക്കളും വിളിക്കുന്ന മാഷിന്റെ അമ്മ ഒരു ദിവസം കണ്ടില്ലെങ്കിൽ അന്വേഷിക്കുമായിരുന്നു.
മാഷുമായുള്ള സൗഹൃദം കേവലം ഒരു പണിക്കാരൻ എന്നതിലുപരി മറ്റെന്തെക്കയോ ആയിരുന്നു ഈ സമൂഹത്തിൽ ഞാൻ ഒന്നുമല്ലങ്കിലും എന്നെ ഞാനാക്കിയതിൽ മാഷിന്റെ പങ്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ആക്കാലത്ത് രാഷ്ട്രീയം എന്താ എന്നുപോലും അറിയാതിരുന്ന എന്നെ ആദ്യമായി ഒരു ദിവസം വൈകുന്നേരം ഞാൻ ഒരു വർഷം പഠിച്ചിരുന്ന സെൻറ് ജോസഫ് കോളേജിലേക്ക് വിളിച്ചു. എന്നെക്കൂടാതെ മറ്റു ചിലർകൂടി ഉണ്ടായിരുന്നു അവിടെ ആക്കാലത്ത് നിർജീവ മായിരുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ (CPI)ഒരു അനുഭാവി യോഗമാണ് ചേർന്നത് എന്ന് തിരിച്ചറിഞ്ഞത് ദിവസങ്ങൾക്ക് ശേഷമാണ്. ആദ്യയോഗത്തിൽ തന്നെ കൺവീനറായി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. PPR എന്ന് വിളിക്കുന്ന PP രാമചന്ദ്രനും, KT മോഹൻദാസും, ഇന്നത്തെ ബ്രാഞ്ച് സെക്രട്ടറി AJ ജോണും മൊക്കെ അവിടെ കൂടിയവരിൽ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. ആ യോഗത്തിൽ പുതിയ കൺവീനർ നന്ദി പറയും എന്ന് മാഷ് പറഞ്ഞപ്പോൾ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്നത് പോലെയാണ് തോന്നിയത്. ജീവിതത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ പോലും എഴുന്നേറ്റ് നിന്ന് ഒരു ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല ഞാൻ ആകെ വിയർത്തു പോയി അന്ന് എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് പോലും ഓർമയില്ല.
കാലം ഏറെ മുന്നോട്ട് പോയി സിപിഐ യുടെ പ്രവർത്തനങ്ങൾ സജീവമായി. പാർട്ടി നിർജീവമായിരുന്ന കാലത്ത് വിട്ടുനിന്ന പലരും പാർട്ടിയയിലേക്ക് തിരിച്ചു വന്നുകൊണ്ടേയിരുന്നു, സണ്ണിമാഷിന്റെ ജേഷ്ഠൻ അപ്പച്ചൻ (സെബാസ്റ്റ്യൻ )പാർട്ടി മേൽകമ്മറ്റി അംഗവും മാഷ് പാർട്ടിയുടെ തോട്ടുമുക്കത്തിന്റെ മുഖവുമായി മാറി. കൺവീനറിൽനിന്നും ബ്രാഞ്ച് സെക്രട്ടറിയായി ഞാൻ അപ്പോഴേക്കും മാറിയിരുന്നു, ഉത്തരവാദിത്തം ഏറി വന്നു. നിർദേശങ്ങൾക്കൊപ്പം ചോദ്യങ്ങളുമുണ്ടായി മറുപടി പറയാൻ നിർബന്ധിതനായി. അവിടെയാണ് സണ്ണി മാഷ് വേറിട്ട് നിന്നത്.
പാർട്ടി അംഗങ്ങളുടെ ചോദ്യത്തിന് മറുപടിക്ക് വേണ്ടി വിഷമിക്കുമ്പോൾ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് മാഷ് അതിന് മറുപടി പറയുമായിരുന്നു. അത് അംഗീകരിക്കാത്ത ഒരാൾ പോലും 2024 മാർച്ച് മാസം മൂന്നു വരെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
ഞാൻ ഓർത്തു പോവുകയാണ് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലം, ഇന്നത്തെ റേഷൻ കടയുടെ മുകളിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം രാത്രി ഏറെ വൈകി സമയം ഒരു മണിയെങ്കിലും ആയിക്കാണും ഓഫീസിൽ ഞാനും PPR ഉം മാത്രം, സണ്ണി മാഷ് വീടിന്റെ കോലായിലെ കസേരയിൽ ഉണ്ടായിരുന്നു ഇതൊന്നും ശ്രദ്ധിക്കാതെ ഓഫീസിന്റ മേശപ്പുറത്തു പകൽ ആരോ വെച്ച് മറന്നുപോയ വില പിടിപ്പുള്ള രണ്ടു വിദേശ സിഗരറ്റ് പാക്കറ്റുകൾ അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് PPR കത്തിച്ചു ചുണ്ടിൽ വെച്ചു ജീവിതത്തിൽ അന്ന് വരെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ബീഡി വലിച്ചിട്ടുള്ള ഞാനും ഒരെണ്ണം എടുത്തു കത്തിച്ചു വലിച്ചു.
രണ്ട് പുക എടുക്കും മുൻപേ കോലായിലെ കസേരയിലിരുന്ന സണ്ണിമാഷ് അവിടെ നിന്നും ഇറങ്ങി ഓഫീസിലേക്ക് വരുന്നു എന്ന് എനിക്ക് മനസിലായി എന്തിനാണ് വരുന്നത് എന്ന് വളരെ വേഗം തിരിച്ചറിഞ്ഞ ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു, നേരെ ഓഫീസിലേക്ക് കയറി വന്ന മാഷ് ഞങ്ങളോടായി ചോദിച്ചു ഇവിടെ റോങായി വല്ലതും നടക്കുന്നുണ്ടോ എന്ന് ! ഇതൊന്നും മനസിലാവാതിരുന്ന PPR അപ്പോഴും സിഗരറ്റ് ആസ്വദിച്ചു വലിക്കുന്നുണ്ടായിരുന്നു മാഷിന്റെ ചോദ്യത്തിന് അല്പം പേടിയോടെ ആണെങ്കിലും ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ എനിക്ക് തോന്നിയതായിരിക്കും എന്ന് പറഞ്ഞു കൊണ്ട് തിരിച്ചിറങ്ങിയ ആ വലിയ മനുഷ്യനോട് എനിക്ക് എന്തെന്നില്ലാത്ത ബഹുമാനമാണ് തോന്നിയത്. കാലം പിന്നെയും ഒരുപാട് മുന്നോട്ട് നീങ്ങി ഒരു ജേഷ്ഠനെ പോലെ മുന്നിലുണ്ടായിരുന്നപ്പോൾ വല്ലാത്തൊരു ധൈര്യമായിരുന്നു. പുറകിൽ നിന്ന് ഒരു വിളി എപ്പോഴും കാത്തോർക്കുമായിരുന്നു "എടാ അവിടെ നിന്നേ, അല്ലങ്കിൽ ഇവിടെ വന്നേ, നീ ചെയ്തത് ശരിയായില്ല, അങ്ങനെ പറയരുതായിരുന്നു, ശ്രദ്ധിക്കണം എന്ന് തുടങ്ങി വല്ലാത്തൊരു ചേർത്തു പിടിക്കൽ.
2024മാർച്ച് മൂന്നിനു രാത്രി മാഷിന്റെ വിയോഗം അറിഞ്ഞു ആശുപത്രിയിൽ എത്തിയപ്പോൾ കൈകാലുകൾ തളർന്നു പോയിരുന്നു. ഉറങ്ങി കിടന്ന പ്രിയപ്പെട്ട മാഷിന്റെ മുഖത്ത് നോക്കാൻ കണ്ണുനീർ കണ്ണിന്റെ കാഴ്ചയെ തടസപ്പെടുത്തി, പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമുള്ള ഈ സമൂഹത്തിൽ അതൊന്നുമില്ലാതെ, ഒരനിയനെ പോലെ ചേർത്തു പിടിക്കാൻ ഒരാളിനിയില്ലല്ലോ ! എന്നോർക്കാത്ത ദിവസങ്ങളില്ല പ്രകൃതിയുടെ തീരുമാനം അംഗീകരിക്കാതെ വയ്യല്ലോ, ആ നല്ല മനസ്സിനുമുൻപിൽ ഒരായിരം കണ്ണുനീർ പൂക്കൾ അർപ്പിച്ചു കൊണ്ട് നിർത്തട്ടെ..
✍️ലേഖകൻ :അബൂബക്കർ വട്ടിക്കുന്നത്ത്
0 Comments