Ticker

6/recent/ticker-posts

ജീവിത ദൗത്യം പൂർത്തിയാക്കി കാലയവനികയ്ക്കുള്ളിലേക്കു മടങ്ങിയ പൗരപ്രമുഖൻ

 



റിപ്പോർട്ടർ :മാത്യു തറപ്പുതൊട്ടിയിൽ

തോട്ടുമുക്കം കുടിയേറ്റ മേഖലയിൽ വന്നു പാർത്തുവരും ഇവിടെ ജനിച്ചു വളർന്ന വരുമായ പലരും തങ്ങളുടെ ജീവിത ദൗത്യം പൂർത്തിയാക്കി കാലയവനികയ്ക്കുള്ളിലേക്കു  മടങ്ങി. അത്തരത്തിൽ നമ്മുടെ ഇടയിൽ നിന്നും മൺമറഞ്ഞവരിൽ പ്രമുഖനായ പ്രിയ VAസണ്ണി

എന്ന വെള്ളാഞ്ചിറ സണ്ണി മാഷ്.

 നിത്യതയിലേക്ക് മടങ്ങിയിട്ട് മാർച്ച് മൂന്നിന് ഒരു വർഷം തികയുന്നു. തോട്ടുമുക്കത്തിൻ്റെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

 വെള്ളാഞ്ചിറ കുടുംബത്തിന്റെ നെടുംതൂൺ ആയിരുന്നു.  ഒരു തികഞ്ഞ ദേശസ്നേഹി.

 സകലർക്കും സഹായഹസ്തം 

നീട്ടുവാൻ മാത്രം അറിയാമായിരുന്നവൻ, പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പെട്ടവർക്കെല്ലാം തന്റെ സുഖസൗകര്യങ്ങളിൽ ആനന്ദം കാണുന്നതിലുപരി സഹജീവികളുടെ ദൈനംദിന ആവശ്യങ്ങൾ നിവർത്തിച്ചു നൽകുന്നതിൽ സംതൃപ്തി കണ്ടെത്തിയ മനുഷ്യസ്നേഹി.


ഇരുത്തം വന്ന പ്രശ്നപരിഹാരകൻ.

മുഖം നോക്കാതെ കാര്യം പറയുന്ന മധ്യസ്ഥൻ.


രാഷ്ട്രീയത്തിൽ സിപിഐയുടെ പ്രാദേശിക അമരക്കാരനായിരുന്നുഎന്നാൽ മറ്റു പല രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനായി സകലരെയും രാഷ്ട്രീയ എതിരാളികളെ പോലും മിത്രമായി കാണാനുള്ള കണ്ണ് ഉണ്ടായിരുന്നു.


വികസന കാര്യങ്ങളിൽ നമ്മുടെ പ്രദേശത്തിന്റെ പുരോഗതിക്കായി ആരുമായും സഹകരിക്കാനും ഏതറ്റം വരെ പ്രവർത്തിക്കാനും മടിക്കാത്ത പ്രകൃതം. മൂന്ന് തവണ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടാനും, 15 വർഷം കൊണ്ട് വാർഡിന്റെ പുരോഗതിക്കായി ചെറുതും വലുതുമായ നിരവധി പ്രവർത്തികൾ പൂർത്തീകരിക്കാൻ കഴിഞ്ഞത്, മറ്റുപല മെമ്പർമാരുടെയും  പ്രവർത്തനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സണ്ണിയുടെ പ്രവർത്തി ബഹുദൂരം മുമ്പിൽ ആണെന്ന് കാണാം.


സ്വയം തൊഴിൽ കണ്ടെത്താൻ തോട്ടുമുക്കത്തെ സണ്ണിയുടെ  നേതൃത്വത്തിൽ അവരുടെ പറമ്പിൽ ആരംഭിച്ച സെന്റ് ജോസഫ് പാരലൽ കോളേജ് ആ കാലത്തെ ഒരു വലിയ അനുഗ്രഹമായിരുന്നു.

 വിദ്യാഭ്യാസം നൽകി പ്രോത്സാഹിപ്പിക്കാൻ ഇത് കാരണമായി. വഴിയും പാലവും വണ്ടിയും മറ്റു സൗകര്യങ്ങളും കാലങ്ങളിൽ ഇവിടെ ഇല്ലായിരുന്നു. 

എസ് എസ് എൽ സി ഇന്നത്തെ പോലെ 100% വിജയം വന്നില്ല, 50% താഴെയായിരുന്നു ജയിക്കുന്നവർ, തോറ്റവരെ ജയിപ്പിക്കാൻ, ജയിച്ചവർക്ക് തുടർന്നുള്ള ഉന്നത വിദ്യാഭ്യാസ സൗകര്യത്തിനും സൗകര്യമൊരുക്കിയ ദീർഘവീക്ഷണത്തിന് അഭിനന്ദനങ്ങൾ.


നല്ലതുപോലെ വായിക്കുകയും, നന്നായി പ്രസംഗിക്കുകയും, സകലരെയും പ്രോത്സാഹിപ്പിക്കുകയും, ചെയ്തിരുന്ന സണ്ണി ഒരു നല്ല നടനും എഴുത്തുകാരനും ആയിരുന്നു.

 സാംസ്കാരിക നിലയത്തിന്റെയും വായനശാലയുടെയും എല്ലാം പിന്നിൽ സണ്ണിയുടെ കരബലം പ്രകടമാണ്.


ഞങ്ങൾ വ്യത്യസ്ത രാഷ്ട്രീയക്കാരും നീണ്ട കാലം വ്യത്യസ്ത മുന്നണികളിലും ആയി പ്രവർത്തിച്ചവരായിരുന്നിട്ടും ഒരിക്കൽപോലും പരിഭവത്തിന് ഇടം വരാൻ അവസരം ഒരുക്കിയിട്ടില്ല.

 ശത്രുപക്ഷങ്ങളിൽ ആയിരുന്നിട്ടും മിത്രങ്ങളായി തുടരാൻ ആയത് അദ്ദേഹത്തിൻ്റെ  മന നൈമർല്യം കൊണ്ടാണ്. മനസ്സിനുള്ളിലെ ശരിയെ തെരഞ്ഞെടുക്കാനും അതിനായി നിലനിൽക്കാനും, പോരാടാനുള്ള സണ്ണിയുടെ കരുത്ത് മഹനീയം.


യുവജനങ്ങളെ കോർത്തിണക്കികലാസമിതിയിലൂടെ സംഘശക്തിയായി മാറ്റി.

നന്മ പ്രവർത്തികൾക്കായി ഉപയോഗിക്കുവാൻ അദ്ദേഹത്തിനായി.

 തോട്ടുമുക്കം ഗവൺമെൻറ് യുപി സ്കൂൾ അതിൻ്റെ ആദ്യ നാളുകൾ നാട്ടുകാരുടെ സഹകരണത്താൽ ആണ് നടന്നിരുന്നത്.

 വർഷം തോറും കെട്ടി മേയണം. ഇതിനും മറ്റു പ്രവർത്തികൾക്കും ആയി ആളെ കൂട്ടാനും നേതൃത്വം നൽകാനും പ്രത്യേക വാസനയായിരുന്നു അദ്ദേഹത്തിന്. കോവിഡ്, പ്രളയക്കെടുതികളിലും മറ്റ് നിരവധി സന്ദർഭങ്ങളിലും ഈ സംഘശക്തിയുടെ കരുത്ത് കണ്ടവരാണ് നമ്മൾ .


തന്നിലേക്കും തന്റെ കുടുംബത്തിലേക്കും മാത്രം ഒതുങ്ങിക്കൂടുന്ന സ്വാർത്ഥമതികളുടെ എണ്ണം വർധിച്ചുവരുന്ന ഇന്നത്തെ സമൂഹത്തിന് ഉത്തമ മാതൃകയായിരുന്നു സണ്ണി മാഷ് എന്നറിയപ്പെടുന്ന നമ്മുടെ V Aസണ്ണി. ആ പുണ്യാത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കട്ട.

✍️ലേഖകൻ: മാത്യു തറപ്പുതൊട്ടിയിൽ 



കേരള കോൺഗ്രസ് (എം) കൊടിയത്തൂർ മണ്ഡലം പ്രസിഡണ്ട്,

സാമൂഹിക പ്രവർത്തകൻ, കലാകാരൻ, സണ്ണി മാഷിന്റെ സുഹൃത്ത്, തോട്ടുമുക്കത്തെ വികസന നായകരിൽ പ്രധാനി എന്നീ നിലകളിൽ സുപരിചിതനാണ്

Post a Comment

0 Comments