✍️ ലേഖകൻ: സ്റ്റാൻലി തോമസ്, വെട്ടുകാട്ടിൽ (റിട്ട. അസി. രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി)
ഞങ്ങളുടെ സൗഹൃദ വലയത്തിൽനിന്നും അകാലത്തിൽ വിട പറഞ്ഞു പോയ ആത്മ സുഹൃത്ത്. വേർപാടിൻ്റെ ഒരു വർഷം പൂർത്തിയാകുമ്പോഴും ജ്വലിക്കുന്ന ഓർമ്മകളെ കാലം ബാധിക്കുന്നതേയില്ല.
ജന്മനാടായ തോട്ടുമുക്കത്ത് ഏതു കാര്യത്തിനും, ഏതു സമയത്തും, വിളിപ്പുറത്തുണ്ടായിരുന്ന പ്രിയ മിത്രം. ദേവഗിരിയിൽ ഒന്നിച്ച് പഠിച്ചവർ, ഒരുമിച്ച് ഉണ്ടുറങ്ങിയിരുന്നവർ, സഹപ്രവർത്തകർ, എന്നിങ്ങനെ ഒരുപാട് ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ഔദ്യോഗിക സാഹചര്യങ്ങളാൽ അകലെയായി കഴിയേണ്ടി വന്നപ്പോഴും അടുപ്പം കുറയാതിരുന്ന സൗഹൃദം.
നാടിന്റെ വിദ്യാഭ്യാസ, സാമൂഹ്യ, കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായി സണ്ണി അവിടെ ഉണ്ടായിരുന്നു. എല്ലാ തരത്തിലും ജനകീയനായ പൊതു പ്രവർത്തകൻ. കക്ഷി രാഷ്ട്രീയത്തിൻ്റെ വേലിക്കെട്ടുകൾ മറികടന്നുള്ള സൗമ്യവും സുതാര്യവുമായ പ്രവർത്തനം അദ്ദേഹത്തെ സർവ്വസമ്മതനാക്കി. മൂന്നു തവണ ജനപ്രതിനിധിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഈ പൊതു സ്വീകാര്യത കൊണ്ടുതന്നെ.
നാട്ടിലെ പല കാര്യങ്ങളിലും പലപ്പോഴും അവസാന വാക്ക് സണ്ണിയുടെതായിരുന്നു എന്നത് അതിശയോക്തിയാകില്ല.
ഞങ്ങളെ നാടുമായി അടുപ്പിച്ചു നിർത്തിയിരുന്ന സുപ്രധാന ഘടകമായിരുന്നു സണ്ണിയുടെ സാന്നിധ്യം. സി രാധാകൃഷ്ണൻ്റെ കഥയിൽ ഗ്രാമത്തിലെ ഏറ്റവും തലപ്പൊക്കമുണ്ടായിരുന്ന വന്മരം വീണപ്പോൾ 'ആകാശത്തിൽ ഒരു വിടവ്' രൂപപ്പെട്ടതും, കാലമേറെ കഴിഞ്ഞിട്ടും, മറ്റൊരു മരത്തിനും ആ വിടവ് നികത്താൻ കഴിയാതെ പോകുന്നതും ഇപ്പോൾ അനുഭവവേദ്യമാകുന്നു.
വിധിയുടെ ക്രൂര പരീക്ഷണങ്ങളെ മനശ്ശക്തികൊണ്ട് തരണം ചെയ്ത വ്യക്തി. ഭീകരമായ വാഹനാപകടത്തെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിൻ്റെയും ആശങ്കകളുടെയും നാളുകളിൽ കൈത്താങ്ങും കരുതലുമായി ജീവിതത്തോട് ചേർത്ത് പിടിക്കാൻ കുടുംബത്തോടൊപ്പം ഞങ്ങൾ സുഹൃത്തുക്കളും പരമാവധി ശ്രമിച്ചു എന്നത് ചാരിതാർത്ഥ്യജനകം. ദീർഘകാല ചികിത്സാ പരിചരണങ്ങൾക്കു ശേഷം തൻ്റെ കർമ്മ മണ്ഡലത്തിലേയ്ക്ക് തിരിച്ചെത്തിയെങ്കിലും, അപകടം ശരീരത്തിലേല്പിച്ച ഗുരുതര ആഘാതങ്ങൾ ശിഷ്ട കാലം കൂടെത്തന്നെയുണ്ടായിരുന്നു.
ധീരമായ നിലപാടുകൾക്ക് ഉറച്ച പിൻബലമായി എന്നും നിലകൊണ്ടിരുന്ന സണ്ണിയുടെ കുടുംബം: ഭാര്യ, മക്കൾ. ഭാവി അവർക്കായി നന്മകളുടെ സമൃദ്ധി കരുതിവെക്കട്ടെ എന്ന് പ്രത്യാശിക്കാം.
എത്ര നാൾ ജീവിച്ചു എന്നതിലുപരി എങ്ങനെ ജീവിച്ചു എന്ന പ്രസക്തമായ മാനദണ്ഡം വെച്ച് നോക്കിയാൽ സണ്ണിയുടെ ഓർമ്മകൾ ചിരകാലം ജന മനസ്സുകളിൽ മായാതെ നിൽക്കും, നിസ്സംശയം.
ആ ധന്യ ജീവിതത്തിന്റെ ഒളി മങ്ങാത്ത ഓർമ്മകൾക്കു മുന്നിൽ ഒരു പിടി അശ്രു പുഷ്പങ്ങൾ.....💐😥
ലേഖകൻ : സ്റ്റാൻലി തോമസ്, വെട്ടുകാട്ടിൽ (റിട്ട. അസി. രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി)
• ജന്മനാട് - തോട്ടുമുക്കം
• 1984 - 87 ദേവഗിരി കോളജിൽ സഹപാഠികൾ, സഹവാസികൾ.
• 1989 - 90 തോട്ടുമുക്കത്തെ കോളജിൽ സഹപ്രവർത്തകർ
• 1990 മുതൽ യൂണിവേഴ്സിറ്റിയിൽ
• അകലങ്ങളിലും ആത്മ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവർ.
0 Comments