ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം
തികഞ്ഞ രാഷ്ട്ര അവബോധം
പക്ഷപാതരാഹിത്യം
ക്രാന്ത ദർശനം
സൂക്ഷ്‌മ പടു
അർപ്പണമനോഭാവം
സ്വപ്രത്യയ സ്ഥിരത
നർമകുശലത
ആപത് ബന്ധു
യുക്തിസഹജമായ ഉറച്ചനിലപാടുകൾ
ആത്മ മിത്രം
പ്രതിസന്ധികളിൽ അടിപതറാത്ത മനസ്
കക്ഷിരാഷ്ട്രീയത്തിനതീതമായ സുഹൃത്ത് വലയം
നേതൃത്വ പാടവം
കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം
പോരാട്ട വീര്യത്തിൽ ഫൽഗുന സമൻ
സർവോപരി മനുഷ്യസ്നേഹി
ഈ ഗുണങ്ങൾ എല്ലാം ഏകത്രമേളനം ചെയ്തിട്ടുള്ള അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു തോട്ടുമുക്കത്തെ എന്റെ പ്രിയ സുഹൃത്ത് സണ്ണി വെള്ളാഞ്ചിറ.
20024മാർച്ച് 3ആം തിയതി നിശയുടെ 3ആം യാമത്തിൽ സുഹൃത്തായ പനക്കൽ ഷാജിയുടെ വിളിയിലുടെയാണ് എന്റെ ആത്മമിത്രം ഇനി നമ്മോടൊപ്പം ഇല്ല എന്ന യാഥാർത്യം എനിക്ക് ഗ്രാഹ്യമായത്.
അക്ഷരാർത്ഥത്തിൽ തന്നെ എന്നെ പിടിച്ചുലച്ച നടുക്കുന്ന ഒരു വാർത്തയായിരുന്നു അത്.
കാരണം ഞങ്ങൾ അത്രമേൽ വിശ്വസ്തരായ സുഹൃത്തുക്കൾ ആയിരുന്നു. തോട്ടുമുക്കം സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച കാലം മുതൽ ഞങ്ങൾ വളരെ അടുത്ത ബന്ധം പുലർത്തി പോന്നിരുന്നു.
നിത്യം കണ്ടുമുട്ടുകയും എല്ലാ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നു. വിശ്വസ്ഥനായ ഒരു സുഹൃത്തും സഹായിയും ആയിരുന്നു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് ആയി സുദീർഘകാലം പ്രവർത്തിച്ച സണ്ണി സ്ഥാപനത്തിന്റെ ഉന്നമനത്തിനായി നിറ മനസോടെ സേവനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ദശവാർഷികം രജതജുബിലി സബ് ജില്ല സ്പോർട്സ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും അകമഴിഞ്ഞ പിന്തുണ നൽകി. ബാലാരിഷ്ടതകൾ മാറിയിട്ടില്ലായിരുന്ന 1986 കാലഘട്ടങ്ങളിൽ സ്കൂൾ ഗ്രൗണ്ട് നിർമാണം കമ്പ്യൂട്ടർ ലാബ് സ്കൂൾ റഫറൻസ് ലൈബ്രറി ആദിയായ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരണത്തിന് മുൻപന്തിയിൽ സണ്ണി ഉണ്ടായിരുന്നു.
ഞാൻ പടി ഇറങ്ങുന്ന 2017ൽ സഹപാഠിക്കൊരു വീട് പദ്ധതിയുടെ വിജയത്തിനുവേണ്ടി എന്നോടൊപ്പം യത്നിച്ചു. തുടർന്ന് ഹയർ സെക്കന്ററി പിടിഎ പ്രസിഡന്റ് എന്നനിലയിലും തോട്ടുമുക്കം സ്കൂളിനു നൽകിയ സേവനങ്ങൾ നീസീമമാണ്.
ഞങ്ങളുടെ ആത്മബന്ധത്തിന്റെ തുടക്കം ഇതിലൊന്നുമല്ലായിരുന്നു.
സ്കൂൾ റിസൾട്ട് മെച്ചപ്പെടുത്തുവാൻ മാനേജറും പി. റ്റി. എ യും കൂടി ആലോചിക്കുകയും പ്രൈവറ്റ് ട്യൂഷൻ നൽകണമെന്ന് നിർദേശിക്കുകയുമുണ്ടായി.
1986 ൽ എന്റെ തുടക്കം വർഷത്തിൽ സ്കൂളിൽ വെച്ച ഇംഗ്ലീഷ് ഗ്രാമർ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ആയി നൽകുവാൻ അന്നത്തെ മാനേജർ ആയിരുന്ന അരഞ്ഞാണി ഓലിക്കൽ അച്ചനും ഹെഡ് മാസ്റ്റർ സോമശേഖരൻ സാറും മുൻ പാരലൽ കോളേജ് അധ്യാപകനാ യിരുന്നതിനാൽ എന്നെ ചുമതലപ്പെടുത്തി. അടുത്ത വർഷം എല്ലാ വിഷയത്തിനും ക്ലാസ്സ് എടുക്കണമെന്നും ട്യൂഷൻ ഫീസ് കുട്ടികളിൽ നിന്ന് ഈടാക്കാനും അച്ചൻ എന്നെ ഉപദേശിച്ചു. പഴയ പാരിഷ് ഹാൾ അതിനു വിട്ടുതരാമെന്നും അച്ചൻ ഉറപ്പ് നൽകി. ഈ ഉറപ്പിന്റെ പിൻബലത്തിൽ സണ്ണിയെയും ജോസ് കുട്ടിയേയും വിവരം ധരിപ്പിക്കുകയും ഒരു ട്യൂട്ടോറിയാൽ സ്ഥാപനം നടത്തുവാൻ തീരുമാനിക്കുകയുണ്ടായി. റവ.ഫാദർ അരഞ്ഞാണിഓലിക്കൽ അച്ഛനുമായി ഞാൻ സംസാരിക്കുകയും അനുമതി നേടുകയും ചെയ്തു. എന്റെ ഒരു മേൽനോട്ടം ഉണ്ടായിരിക്കണമെന്നും അവധി ദിനങ്ങളിൽ ഞാൻ ക്ലാസ്സ് എടുക്കണമെന്നും അച്ചൻ നിഷ്കർഷിക്കുകയും ഞാൻ അപ്രകാരം സമ്മതിക്കുകയും ചെയ്തു. ഞങ്ങൾ യശ:ശരീരനായ ജെയിംസ് ആഗസ്റ്റിൻ അനുജൻ ഗ്ലോയി, സ്റ്റാൻലി തോമസ് പനക്കൽ ഷാജി കോട്ടയിൽ അബ്ദുറെഹ്‌മാൻ, തടത്തിൽ വിൻസെന്റ് ആദിയായവരെ കൂടെ കൂട്ടുകയും ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
അന്നുമുതൽ ജീവിതാന്ത്യം വരെ ഞങ്ങൾ ഒരേ മനസ്സോടെ സൗഹൃദം പങ്കിട്ടു.
പഠനത്തിൽ പിൻപന്തിയിലായിരുന്ന നിരവധി വിദ്യാർഥികൾക്ക് ആ സ്ഥാപനം ഒരു തണലായി തീരുകയുണ്ടായി.
ഒന്നര പതിറ്റാണ്ട് കാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗമെന്ന നിലയിൽ സണ്ണി നടത്തിയ പൊതുജനസേവനം ഓരോ തോട്ടുമുക്കം നിവാസിയുടെയും സ്‌മൃതിപഥത്തിൽ ഒളി മങ്ങാത്ത ഓർമകളായി നിലനിൽക്കുക തന്നെ ചെയ്യും. ജനഹൃദയങ്ങളിൽ സണ്ണിയുടെ സ്ഥാനം വിളിച്ചോതുന്ന വസ്തുത തന്നെയാണ് ഗ്രാമ പഞ്ചായത്ത് സ്ഥാനലബ്ധി. അതിവിടെ വിശദീകരിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
തോട്ടുമുക്കത്തിന്റെയും സമീപ വാർഡുകളുടെയും ഉന്നമനത്തിനു വേണ്ടി സണ്ണി അക്ഷീണം പ്രവർത്തിക്കുകയുണ്ടായി.
ഗുണികൾ ഊഴിയിൽ നീണാൾ വാഴില്ല എന്ന ആപ്തവാക്യം അൻവർത്ഥമാക്കികൊണ്ട് സണ്ണി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം കടന്നുപോയി. ആ വിടവ് നികത്താൻ തക്ക മറ്റൊരു വ്യക്തിത്വം ഉണ്ടാകേണ്ടിയിരിക്കുന്നു.
ജീവിത മഹിമ വിളിച്ചോതുന്നത് എത്ര നാൾ ജീവിച്ചു എന്നതിലല്ല, മറിച്ച് സമൂഹത്തിന് എന്ത് നൽകി എന്നതിലാണ്. സണ്ണിയുടെ ദീപ്തമായ ഓർമ്മകൾ മരുഭൂമിയിലെ മരുപ്പച്ച കണക്കെ ഹരിതാഭമായി തോട്ടുമുക്കം നിവാസികളിൽ കുടികൊള്ളുക തന്നെ ചെയ്യും.
കാലമെത്ര കടന്നാലും ആ ഓർമ്മകൾക്ക് ച്യുതിയേൽക്കില്ല.
""ഹാ!വിജീഗേഷു മൃത്യുവിന്നാകുമോ
ജീവിതത്തിൻകൊടിപ്പടം താഴ്ത്തുവാൻ "
ആ ധന്യ ജീവിതത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരു കൈകുടന്ന അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു 🙏🌹🌹🌹
ലേഖകൻ : ഗോപിനാഥ കുറുപ്പ്
റിട്ടയേർഡ് അദ്ധ്യാപകൻ
സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ
തോട്ടുമുക്കം
0 Comments